യേശുദാസൻ തിരുമേനി: ദൈവവിളിയോടു വിശ്വസ്‌തത പുലർത്തിയ എളിയ ദാസൻ

യേശുദാസൻ തിരുമേനിയുടെ ധന്യമായ ജീവിതത്തെ ആസ്പദമാക്കി “ദൈവവിളിയോടു വിശ്വസ്‌തത പുലർത്തിയ എളിയ ദാസൻ” എന്ന തലക്കെട്ടിൽ ദക്ഷിണ കേരള മഹായിടവകയുടെ ഔദ്യോഗിക പ്രസിദ്ധികരണമായ ക്രൈസ്‌തവ ദീപികയിൽ ജൂലൈ 2013ൽ പ്രസിദ്ധികരിച്ച ലേഖനം തുടർന്ന് വായിക്കുക.

സാധാരണക്കാരനായ ഒരു മനുഷ്യന്റെ ജീവിതം ദൈവവിളിക്കു വിധേയപ്പെടുമ്പോൾ ഉണ്ടാകുന്ന അതിശയകരമായ ഉയർച്ചയുടേയും ദൈവ നടത്തിപ്പിന്റെയും നേർ സാക്ഷ്യമാണ് യേശുദാസൻ തിരുമേനിയുടെ ജീവിതം.

ദൈവവചനത്തിൽ അടിസ്ഥാനപ്പെടുത്തി പ്രാർത്ഥനയിൽ ശക്തി പ്രാപിച് ആരാധനയിൽ ആനന്ദം കണ്ടെത്തി പാവപ്പെട്ടവരുടെ കണ്ണീരൊപ്പുവാൻ വേണ്ടി ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

പ്രവർത്തിച്ച മേഖലകളിലെല്ലാം ദൈവ കൃപയിൽ ആശ്രയിച്ച് വിജയം നേടാൻ കഴിഞ്ഞത് ഒരു വ്യക്തിയുടെ മാത്രം ചരിത്രമല്ല മറിച് അദ്ദേഹത്തോടൊപ്പം വളർന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്കു പ്രവേശിക്കുവാൻ ധൈര്യം ലഭിച്ച ഒരു ജനവിഭാഗത്തിന്റെ ചരിത്രം കൂടിയാണ്.

ലഭിച്ച ഉന്നതമായ സ്ഥാനമാനങ്ങളെല്ലാം തന്നെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി അദ്ദേഹം പ്രയോജനപ്പെടുത്തി. യേശുദാസൻ തിരുമേനി എന്ന നാമധേയം സാധാരണക്കാരായ മനുഷ്യർ ഹൃദയത്തോടു ചേർത്തു പിടിച്ചതിൻറെ രഹസ്യം ഇതു തന്നെയായിരുന്നു.

സുവിശഷത്തെക്കുറിച്ചു യേശുദാസൻ തിരുമേനിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ദൈവശാസ്ത്രം കാൽവരി ക്രൂശിൽ ദൈവം പ്രകാശിപ്പിച്ച സ്നേഹം, യേശു എന്ന ദൈവത്തിന്റെ കുഞ്ഞാട് മാനവരാശിയുടെ പാപമോചനത്തിനായ് ക്രൂശിൽ ചിന്തിയ രക്തം എന്നിവയിൽ കേന്ദ്രീകൃതമായിരുന്നു.

സുവിശേഷം ചെല്ലുന്ന സ്ഥലങ്ങളിലൊക്കെയും ദൈവാത്മാവിന്റെ പ്രവർത്തനമുണ്ടാകുന്നുവെന്നും അതു സമൂഹത്തിലെ അനീതികൾക്കും അനാചാരങ്ങൾക്കുമെതിരായ പോരാട്ടമായി മാറുന്നുവെന്നും തിരുമേനി ഉറച്ചിരുന്നു. സഭ ക്രിസ്തുവിന്റെ ശരീരമാന്നെന്നും അതിലെ ഒരു അംഗത്തിനു വരുന്ന പ്രയാസം എല്ലാവരുടെയും വേദനയാന്നെന്നുമുള്ള വിശാലമായ ദർശനം അദ്ദേഹത്തിനുണ്ടായിരുന്നു.

ഇതര സഭാവിഭാങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാവുന്ന മേഖലകൾ കണ്ടെത്താനും കൂട്ടായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുവാനും അതിനു നേതൃത്ത്വം കൊടുക്കുവാനും യേശുദാസൻ തിരുമേനിക്കു സാധിച്ചു. കേരള ഐക്യ വൈദിക സെമിനാരി പ്രിൻസിപ്പൽ, [നീണ്ട 17 വർഷം] ദക്ഷിണ കേരളം മഹായിടവക ബിഷപ്പ്, ദക്ഷിണേന്ത്യ സഭയുടെ മോഡറേറ്റർ, സി. എസ്. ഐ.- സി. എൻ. ഐ. – മാർത്തോമ്മ ജോയിൻറ് കൗൺസിൽ ചെയർമാൻ, അഖില ലോക സഭാ കൗൺസിൽ സെൻട്രൽ കമ്മിറ്റി അംഗം എന്നി നിലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം സമാനതകളില്ലാത്തതായിരുന്നു.

മറ്റു മതസ്ഥരെ ബഹുമാനിച്ചിരുന്ന തിരുമേനിയെ അവരുടെ യോഗങ്ങളിൽ പ്രസംഗിക്കുവാൻ സന്തോഷത്തോടെ ക്ഷണിക്കുക പതിവായിരുന്നു. അങ്ങനെ മത സാമൂഹിക ബന്ധങ്ങളിൽ തിരുമേനി തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും വ്യത്യസ്ത ജനവിഭാഗങ്ങളുമായുള്ള സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിൽ തനതായ സംഭാവന നൽകുകയും ചെയ്തു.

യേശുദാസൻ തിരുമേനിക്കു വ്യക്തമായ രാഷ്ട്രീയ ബോധം ഉണ്ടായിരുന്നു. പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പോരാടുകയും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ നീതിക്കു വേണ്ടി ഉറച്ചു നിൽക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ രാഷ്ട്രീയം. രാഷ്ട്രീയ നേതാക്കളുമായി വ്യക്തിപരമായ ബന്ധം കാത്തു സൂക്ഷിക്കുകയും ജനങ്ങളുടെ നന്മക്കു വേണ്ടി അവരുടെ മുമ്പിൽ പ്രശ്നങ്ങളവതരിപ്പിക്കുകയും ചെയ്ത യേശുദാസൻ തിരുമേനിയുടെ നിലപാടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

കരിയിൽത്തോട്ടം കുടുംബത്തിലെ അംഗങ്ങൾക്ക് അദ്ദേഹം വലിയോരു തണൽമരമായി നിലകൊണ്ടു. നിർണായക തീരുമാനങ്ങളെടുക്കേണ്ടുന്ന സാഹചര്യങ്ങളിൽ തിരുമേനിയുടെ ആലോചനക്കും പ്രാർഥനക്കും വേണ്ടി കുടുംബാംഗങ്ങൾ കതോർക്കുകയും കാംഷിക്കുകയും ചെയ്തിരുന്നു.

വേദനയുടെയും വേർപാടിന്റെയും അവസരങ്ങളിൽ ആശ്വസിപ്പിക്കുന്ന ഒരു ദൈവദൂതനെ പോലെ കടന്നുവരികയും ഹൃദയ സ്പർശിയായ പ്രാർത്ഥനകളിലൂടെ ഏവർക്കും ധൈര്യം പകരുകയും ചെയ്ത സന്ദർഭങ്ങൾ അവിസ്മരണീയമാണ്. ഈ ശുശ്രൂഷ അനുഭവിച്ചറിഞ്ഞ ആരും അതു മറക്കുകയില്ല. തൻറെ ജീവിതത്തിൽ പ്രത്യേകമായി പ്രിയ പത്നി (ജസ്സി ബിയാട്രിസ് ) യുടെ വേർപാടിന്റെ അവസരത്തിലും തുടർന്നിങ്ങോട്ടും അനുഭവിക്കുവാൻ ഇടയായ ദൈവകൃപയുടെ ധാരാളമായ അനുഭവത്തെ കുറിച്ച് തിരുമേനി പറയുമായിരുന്നു.

സാധാരണക്കാരായ ജനങ്ങൾ തനിക്കുവേണ്ടി പ്രാർത്ഥിക്കുന്നത് തിരുമേനി വളരെയധികം സന്തോഷത്തോടെ ഇഷ്ടപ്പെട്ടിരുന്നു. പ്രഭാതത്തിനു മുൻപ് എഴുന്നേറ്റ് വേദപുസ്തക പാരായണം പ്രാർത്ഥന എന്നിവയിൽ സമയം ചിലവിടുന്നത് അദ്ദേഹത്തിന്റെ ചിട്ടയുടെ ഭാഗമായിരുന്നു. ആഴ്ചയിൽ ഒരു ദിവസം [വെള്ളിയാഴ്ച്ച ദിവസം] ഉപവാസം ആചരിക്കുന്നതു അദ്ദേഹത്തിന്റെ ശീലമായിരുന്നു.

ഈ നിഷ്ഠകൾ അദ്ദേഹത്തിന്റെ ശുശ്രൂഷയിൽ ശക്തമായ പ്രചോദനമായി മാറി. അതുകൊണ്ട് ദൈവം അദ്ദേഹത്തെ അത്ഭുതകരമായ രീതിയിൽ ഉയർത്തുകയും വിജയകരമായി നടത്തുകയും ചെയ്തു. ലഭിച്ച സ്ഥാനമാണങ്ങളൊന്നിൻറെയും പിന്നാലെ പോയതല്ല, മറിച്ചു അവ തിരുമേനിയെ തേടി വരുകയാണുണ്ടായത്.

ദൈവവചനത്തിൽ അധിഷ്ഠിതമായിരുന്നു യേശുദാസൻ തിരുമേനിയുടെ പ്രസംഗങ്ങൾ. ഇതിലൂടെ ജനങ്ങൾക്കാവശ്യമായ ആത്മീയ ശക്തി പകർന്നു നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ദൈവവചന ധ്യാനത്തിലൂടെ ലഭിച്ച ചിന്തകൾ പരിശുദ്ധാത്മ ശക്തിയിലും പ്രാർത്ഥനയുടെ കരുത്തിലും വ്യക്തതയോടെ അവതരിപ്പിക്കുവാൻ തിരുമേനിക്കു കഴിഞ്ഞിരുന്നു.

[കാനഡയിലെ] വാൻകൂവറിൽ വച്ച് നടന്ന അഖില ലോക സഭാകൗൺസിലിലെ തിരുവത്താഴ ശുശ്രൂഷയിൽ [1983 ജൂലൈ 31] തിരുമേനി ചെയ്ത പ്രസംഗം ചരിത്ര പ്രസിദ്ധവും യേശു ക്രിസ്തുവിന്റെ കാൽവരി ക്രൂശിലെ ജീവത്യാഗത്തിലൂടെ നമുക്ക് ലഭിക്കുന്ന നിത്യ ജീവന്റെ അനുഭവത്തിന്റെ ശക്തമായ പ്രഘോഷണവുമായിരുന്നു.

ലണ്ടൻ മിഷനറി സൊസൈറ്റിയുടെ (LMS) ഇരുന്നൂറാം (200th) വാർഷികം ഇംഗ്ലണ്ടിൽ വലിയോരു സമ്മേളനമായി നടത്തപ്പെട്ടപ്പോൾ മൂന്ന് പേർക്ക് മാത്രമേ പ്രസംഗിക്കുവാൻ അവസരം ലഭിച്ചുള്ളൂ. അതിലൊന്ന് യേശുദാസൻ തിരുമേനിയായിരുന്നു. മറ്റ് രണ്ടു പേർ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയും മറ്റൊന്ന് ആഫ്രിക്കൻ ബിഷപ്പ് ഡെസ്മണ്ട് റ്റൂറ്റൂ എന്നിവരായിരുന്നു. മുഴുവൻ ഏഷ്യക്കാരെയും പ്രതിനിധീകരിക്കുവാൻ ദൈവം യേശുദാസൻ തിരുമേനിയെ ഉയർത്തിയ ഈ അവസരവും മാർക്കാനാവാത്തതുതന്നെ.

യേശുദാസൻ തിരുമേനി പല അവസരങ്ങളിലായി അനേകം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അവയെല്ലാം തന്നെ ആഴമേറിയ ചിന്തകൾ കൊണ്ട് സമ്പുഷ്ടമാണ്.
“ഹിന്ദുമത പ്രവേശിക (1970),”
“മിഷനറി വീരനായ പൗലോസ് (1985),”
ക്രിസ്തു ജയന്തി (1990),”
“ക്രൂശിലെ മേലെഴുത്ത് (1992),”
“ഇത്ര വലിയ രക്ഷ (1998),”
“നീ വായിക്കുന്നത് ഗ്രഹിക്കുന്നുവോ (2000),
“പാതയ്ക്കു പ്രകാശം (2004),”
“രക്തം നിലവിളിക്കുന്നു (2006),
“മതപരിവർത്തനം—ഒരു ക്രൈസ്തവ സമീപനം (2008),” എന്നിവയാണ് യേശുദാസൻ തിരുമേനിയുടെ പ്രധാന കൃതികൾ. ഈ ഗ്രന്ഥങ്ങളിലെല്ലാം തന്നെ ബന്ധപ്പെട്ട വിഷയങ്ങൾ സമഗ്രമായി അപഗ്രഥിച്ചു അടുക്കും ചിട്ടയോടും കൂടി അവതരിപ്പിച്ചിട്ടുണ്ട്.

അദ്ദേഹം അവസാനം രചനയിലേർപ്പെട്ടിരുന്ന പുസ്തകം പൂർത്തിയാക്കണമെന്നത് തിരുമേനിയുടെ വലിയ ആഗ്രഹമായിരുന്നു. മേയ് 2013 – ൽ “പ്രവാചക ദൗത്യം ” എന്ന പുസ്തകം പ്രസിദ്ധീകരിച്ചു കാണുവാൻ ദൈവം അദ്ദേഹത്തിനു കൃപ നൽകി.

യേശുദാസൻ തിരുമേനിയുടെ ഭരണനൈപുണ്യം ദക്ഷിണ കേരള മഹായിടവകയും ദക്ഷിണേന്ത്യ സഭയും രുചിച്ചറിഞ്ഞിട്ടുള്ളതാണ്. ദൈവഭയമുള്ള വ്യക്തികളെ കണ്ടെത്തി അവരുടെ കഴിവുകൾ പൂർണമായി സഭയ്‌ക്കു പ്രയോജനപ്പെടുന്ന താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ച് ഒരു നല്ല ടീം ആയി പ്രവർത്തിക്കുന്ന രീതി തിരുമേനിക്കുണ്ടായിരുന്നു. ദക്ഷിണ കേരള മഹായിടവകയിൽ വളരെയേറെ വികസന പ്രവർത്തനങ്ങൾക്കും അടിസ്ഥാനമിട്ടത് യേശുദാസൻ തിരുമേനിയുടെ ഭരണ നേതൃത്യത്തിലായിരുന്നു.

യഥാർത്ഥമായ ജനാധിപത്യ മൂല്യങ്ങളെ ഉയർത്തി പിടിച്ചുകൊണ്ട് എല്ലാവരുടെയും ആശയങ്ങൾ ചർച്ചചെയ്യുവാൻ അവസരം കൊടുക്കുവാൻ തിരുമേനി ശ്രദ്ധിച്ചിരുന്നു. മിഷനറി പ്രവർത്തനങ്ങൾക്കും പുതിയൊരു ദിശാബോധം നൽകി ദക്ഷിണ കേരള മഹായിടവകയെ അതിലേക്കുള്ള സംരംഭങ്ങളിൽ, ആദ്യം ആന്ധ്ര പ്രദേശിലും പിന്നെ ഒറീസ്സയിലും മുന്നോട്ടു നയിച്ചത് തിരുമേനിയുടെ പ്രത്യേക താത്പര്യമായിരുന്നു.

യേശുദാസൻ തിരുമേനി ദൈവം തന്നെ വിളിച്ച ദൗത്യം വിശ്വസ്തതയോടെ അന്ത്യം വരെയും നിറവേറ്റി. പൂർണമായ സമർപ്പണവും അചഞ്ചലമായ ദൈവാശ്രയവും ദൈവനടത്തിപ്പിലുള്ള വിശ്വാസവും അദ്ദേഹത്തെ വിജയകരമായി ഓട്ടം പൂർത്തിയാക്കുന്നതിന് സഹായിച്ചു.

യേശുദാസൻ തിരുമേനിയെ കുറിച്ച് ഓർക്കുമ്പോൾ അദ്ദേഹം പ്രിയം വച്ച യേശുവിനെ കൂടെ നാം ഓർത്തു പോകുന്നു. ക്രൂശിന്റെ മറവിൽ താഴ്മയോടെ പ്രവർത്തിച്ച ഈ ദൈവദാസൻ നിത്യ ജീവന്റെ സന്തോഷത്തിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നു. യേശുദാസൻ തിരുമേനിയുടെ ജീവിതം ഇനിയും അനേകകാലം നമ്മുടെ മദ്ധ്യേ ദീപ്തസ്മരണായി വെളിച്ചം പകർന്നുകൊണ്ടേയിരിക്കും.

Watch on YouTube: Malayalam Sermon on the Blood of Jesus by Bejoy Peter

Bishop Jesudasan: The Humble Servant Who Remained Faithful to God’s Call

യേശുദാസൻ തിരുമേനി: ദൈവവിളിയോടു വിശ്വസ്‌തത പുലർത്തിയ എളിയ ദാസൻ എന്ന തലക്കെട്ടിനു പ്രേരകമായത് തിരുമേനിയുടെ ജീവിതത്തിലെ ഒരു പ്രത്യേക ചിട്ടയാണ് എന്ന് പറയുവാൻ എനിക്കു ആഗ്രഹമുണ്ട്. തിരുമേനി ബിഷപ്പായി അഭിഷിക്തനായത് 1973 ഓഗസ്റ് 5 ആം തിയതിയാണ്. പിന്നീടങ്ങോട്ടുള്ള എല്ലാ വർഷവും ഓഗസ്റ് 5 ആം ദിവസം തൻറെ ഔദ്യോഗിക തിരക്കുകളിൽ നിന്നു അവധിയെടുത്തു ഏതെങ്കിലും ഒരു സ്വസ്ഥമായ റിട്രീറ്റ് സെന്റെറിൽ ഒറ്റയ്ക്ക് പ്രാർത്ഥനാനിരതനായി ചിലവിടുമായിരുന്നു.

അന്നു തിരുമേനി ദൈവമുൻപാകെ സ്വയം ചോദിച്ചു ഉത്തരം കണ്ടെത്തുവാൻ ശ്രമിച്ചിരുന്ന ചോദ്യമിതാണ്: “ഞാൻ ദൈവം എന്നെ ഏല്പിച്ച വിളിയോടു വിശ്വസ്തനായിരിക്കുന്നുവോ?”

അദ്ദേഹത്തിന്റെ ജീവിതത്തെ അവലോകനം ചെയ്യുമ്പോൾ ഈ ഒരു ആത്മപരിശോധന അദ്ദേഹത്തിന്റെ ദർശനത്തിലും സേവനത്തിലും നേതൃത്വത്തിലും എത്രമാത്രം സ്വാധീനം ചെലുത്തി എന്ന് മനസ്സിലാക്കുവാൻ കഴിയും.

Read more:

Bishop Jesudasan: A Short Speech of Tribute

Hope Unending

Would You Be Free from the Burden of Sin

Praying Woman