ബിഷപ്പ് യേശുദാസൻ: ശുശ്രൂഷാനേതൃത്വത്തിലെ ഉത്കൃഷ്ടത

ഒരു ഫോട്ടോയുടെ നഷ്ടബോധം: ഒരു അനുഭവകഥ

യേശുദാസൻ തിരുമേനിയുടെ 85-ആം ജന്മദിനം (2010 February 14) പ്രാർത്ഥനാപൂർവ്വം കുടുംബാംഗങ്ങളോടൊത്ത് ആചരിക്കാൻ ആലോചിച്ച സമയം. അന്ന് എനിക്ക് ഒരു ആഗ്രഹം തോന്നി. തിരുമേനിയുടെ ജീവിതത്തിലെയും ശുശ്രൂഷയിലെയും മികച്ച നിമിഷങ്ങൾ ഫോട്ടോകൾ ചേർത്തുവച്ച ഒരു കോഫി ടേബിൾ ബുക്ക് പുസ്തകമായി (Coffee Table Book) പ്രസിദ്ധീകരിക്കണം. അത് ഇനിയുള്ള തലമുറകൾക്ക് ഒരു പ്രചോദനമാകും എന്ന് വിചാരിച്ചു. പല ദിവസങ്ങളും തിരുമേനിയുടെ ഭവനത്തിൽ ചെന്ന്, തിരുമേനിയുടെ ഔദ്യോഗിക ജീവിതത്തിലെ നിർണായക നിമിഷങ്ങളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചു.

അങ്ങനെ ഒരു സംഭാഷണത്തിനിടയിലാണ്, LMS (London Missionary Society | Later name changed to Council for World Mission)  ദ്വിശതാബ്ദി “സ്വപ്നം കാണാൻ തുനിയുക” (Dare to Dream) എന്ന ആശയത്തെ ആസ്പദമാക്കി  ലണ്ടനിൽ 1995-ൽ ആഘോഷിച്ച അവസരത്തിൽ, ഒരു പ്രത്യേക യോഗത്തിൽ പ്രസംഗിക്കാൻ മൂന്ന് പേർക്ക് മാത്രമേ അവസരം ലഭിച്ചുള്ളൂ എന്ന് തിരുമേനി പറഞ്ഞത്. അതിൽ ഒരാൾ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി. മറ്റൊരാൾ ആഫ്രിക്കൻ ഭൂഖണ്ഡത്തെ പ്രതിനിധീകരിച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു. പിന്നെ, ഏഷ്യൻ ഭൂഖണ്ഡത്തെ പ്രതിനിധീകരിച്ച് യേശുദാസൻ തിരുമേനി.

വളരെ ആവേശത്തോടെ ഞാൻ തിരുമേനിയോട് ചോദിച്ചു: “അതിന്റെ ഫോട്ടോ ഏതെങ്കിലും ഉണ്ടോ?” അതിന് തിരുമേനി പറഞ്ഞ മറുപടി എന്നെ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു: “എടാ, ഫോട്ടോ എടുക്കണം എന്ന് ചിന്തിച്ചുകൊണ്ടല്ലലോ നമ്മൾ പ്രസംഗിക്കാൻ അങ്ങോട്ട് പോകുന്നത്.”

ഒരു ഫോട്ടോ പോലും തന്റെ മഹിമ കാണിക്കുന്നതിന് വേണ്ടി സൂക്ഷിക്കാൻ ശ്രമിക്കാത്ത ഒരു മനുഷ്യൻ. അതാണ് യേശുദാസൻ തിരുമേനി.

This article is a translation of: Excellence in Leadership in the Ministry of Bishop Jesudasan published in the Sunday Sermonettes series. For pdf version, see end of article.

ബിഷപ്പ് യേശുദാസൻ

യേശുദാസൻ തിരുമേനി എന്നാണ് യേശുവിൽ മറഞ്ഞ മോസ്റ്റ് റവ. ഡോ. ഐ. യേശുദാസൻ ബിഷപ്പിനെ ഏവരും സ്നേഹത്തോടെ വിളിച്ചിരുന്നത്. അഖിലലോക സഭാ കൗൺസിലിന്റെ (WCC) കേന്ദ്ര കമ്മിറ്റി അംഗമായും (1983–1991), ആദ്യം ഡെപ്യൂട്ടി മോഡറേറ്റർ (1980-’81), പിന്നീട് തുടർച്ചയായി മൂന്ന് കാലയളവുകൾക്ക് (1982-’88) ദക്ഷിണേന്ത്യ സഭയുടെ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ) (Church of South India) മോഡറേറ്ററായും, 17 വർഷം ദക്ഷിണ കേരള മഹായിടവകയുടെ മൂന്നാമത്തെ ബിഷപ്പായും സേവനം അനിഷ്ഠിച്ചു (1973 to 1990). ആ കാലഘട്ടം മഹായിടവകയുടെ ചരിത്രത്തിലെ സുവർണ കാലഘട്ടമായി അറിയപ്പെടുന്നു. ആത്മീകവും ഭൗതീകവും സാമൂഹികവുമായ സമഗ്ര വളർച്ചയുടെ കാലഘട്ടമായിരുന്നു അത്. തന്റെ ശുശ്രൂഷയിൽ ഉജ്ജ്വലവും ഉത്‌കൃഷ്ടമായ നേതൃത്വം കാഴ്ചവെച്ച വ്യക്തിയായിരുന്നു യേശുദാസൻ തിരുമേനി.

നൂറാം ജന്മദിനം |  14 February 2025

Bejoy Peter delivering sermon on the occasion of the 100th birthday of Bishop Jesudasan at St. Luke CSI Church

ബിഷപ്പ് അങ്കിൾ എന്നു ഞാൻ സ്നേഹപൂർവം വിളിച്ചിരുന്ന യേശുദാസൻ തിരുമേനിയുടെ പ്രാർത്ഥനാനിരതമായ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ നൂറാം ജൻമദിനവുമായി ബന്ധപ്പെട്ട ആരാധനയിൽ (ഫെബ്രുവരി 16 ഞാറായഴ്ച 2025) CSI St. Luke സഭയിൽ പ്രസംഗിക്കുവാൻ എനിക്കു അവസരം ലഭിച്ചതു ദൈവകൃപയുടെ ധാരാളമായ അനുഗ്രഹമായി ഞാൻ കരുതുന്നു. തിരുവനന്തപുരം ജില്ലയിൽ അമരവിള എന്ന ഗ്രാമത്തിൽ കരിയിൽത്തോട്ടം കുടുംബം സ്ഥിതി ചെയ്യുന്ന പ്രദേശത്തു തന്റെ പൈതൃകമായി ലഭിച്ച കുടുംബവീട് St. Luke സഭയായി മാറ്റപെടുന്നതിനു അദ്ദേഹം തന്റെ അവസാനത്തെ ആഗ്രഹം എന്ന നിലക്ക് മഹായിടവകക്ക് കൈമാറുകയായിരുന്നു.

ദാസ്യ നേതൃത്വത്തിലെ ഉത്കൃഷ്ടത | Excellence in Servant Leadership

ബിഷപ്പ് യേശുദാസൻ തന്റെ പേര് അന്വർത്ഥമാക്കുന്ന വിധത്തിൽ സ്വയം യേശുവിന്റെ ദാസനായി കരുതിയിരുന്നു. “ക്രിസ്തുവിനായി ഞങ്ങൾ മൂഢന്മാരാകുന്നു” (“We are fools for Christ” | 1 കൊരിന്ത്യർ 4:10) എന്ന വിശുദ്ധ പൗലോസിന്റെ വാക്കുകളിൽ നിന്നാണ് അദ്ദേഹം ധൈര്യം കണ്ടെത്തിയത്. തനിക്കായി ഒന്നും നേടുവാനോ കീർത്തി സമ്പാദിക്കുവാനോ അദ്ദേഹം ഒട്ടും താത്പര്യം കാണിച്ചിരുന്നില്ല. ബഹുമാനവും അദ്ദേഹം ഒരിക്കലും അന്വേഷിച്ചിട്ടില്ല. എന്നാൽ ഈ സാധാരണ മനുഷ്യനെ, ദൈവത്തിന്റെ വിനയശീലനായ ദാസനെ, ദൈവം അതിശയകരമായ രീതിയിൽ ഉയർത്തി. സ്ഥാനമാനങ്ങൾ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു.

സഭാ നേതൃത്വത്തിലും, എക്യൂമെനിക്കൽ പ്രസ്ഥാനങ്ങളുടെ അമരത്തും, പൊതുസമൂഹത്തിന്റെ മദ്ധ്യേയും അദ്ദേഹം കൈവരിച്ച അത്യപൂർവ്വ നേട്ടങ്ങളെക്കുറിച്ച് നമ്മൾ എത്ര മഹത്വമായി കരുതുന്നു എങ്കിലും, തന്റെ കല്ലറക്കൽ ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്നുള്ള ഒരു വാക്യം (Luke 17:10) എഴുതണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതോടൊപ്പം  “കർത്താവിന്റെ അയോഗ്യ ദാസൻ, നിന്റെ സ്നേഹമുള്ള കൈകളിൽ വീഴുന്നു,” എന്ന വരിയും.

Bishop Jesudasan’s tombstone in M. M. Church Cemetry, LMS Compoiund, Thiruvananthapuram.

ജനാധിപത്യ നേതൃത്വത്തിലെ ഉത്കൃഷ്ടത | Excellence in Democratic Leadership

യേശുദാസൻ തിരുമേനി ബിഷപ്പായിരുന്ന കാലത്ത്, ചർച്ചയിലുള്ള വിഷയം സംബന്ധിച്ച് അഭിപ്രായമറിയിക്കാൻ ആഗ്രഹിച്ച എല്ലാവർക്കും അതിനു അവസരം നൽകിയിരുന്നു. അജണ്ടയിലുള്ള വിഷയങ്ങൾ നന്നായി പഠിച്ചു, നല്ല തയ്യാറെടുപ്പോടെ  മാത്രമേ അദ്ദേഹം മീറ്റിംഗുകളിൽ പങ്കെടുക്കുമായിരുന്നുള്ളു. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പങ്കുവെച്ചവരെ ശ്രദ്ധാപൂർവം കേൾക്കുകയും ചെയ്തു.

എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച ശേഷം മാത്രമേ തിരുമേനി സംസാരിക്കാറുള്ളു. ആ സമയത്ത് ആരെങ്കിലും ഇടപെടാൻ ശ്രമിച്ചാൽ, അദ്ദേഹം ഉറച്ച നിലപാടോടെ, നിർണായകമായ  അധികാരത്തോടെ, “ഇപ്പോൾ ബിഷപ്പ് സംസാരിക്കുന്നു” എന്ന് പ്രഖ്യാപിക്കുമായിരുന്നു. അങ്ങനെ ഇടപെടാൻ ശ്രമിച്ചവർ “Now the Bishop is speaking,” എന്ന വാക്കു കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ യഥാർത്ഥ നേതൃത്വത്തെ തിരിച്ചറിയുകയും ശാന്തരാകുകയും ചെയ്‌തിരുന്നു.

കാലത്തിന്റെ ചുവരെഴുത്ത്  | അഗ്നിസ്ഫുടമായ വാക്കുകൾ

അദ്ദേഹം CSI മോഡറേറ്റർ ആയിരുന്ന അവസരത്തിൽ സിനോഡിൽ (Synod) ബിഷപ്പുമാർക്ക് വിരമിക്കേണ്ടതില്ല എന്ന വാദം ചിലർ അതിശക്തതമായി ഉന്നയിച്ചു. മറ്റു സഭാവിഭാഗങ്ങൾക്കു ഉള്ളതു പോലെ നമുക്കും ബിഷപ്പ്മാർ മരണം വരെ അധികാരത്തിൽ തുടരണം. അതു ബിഷപ്പ് എന്ന പദവിക്കു സ്ഥായിയായ (permanent) സ്വഭാവം കൊണ്ടുവരും എന്ന് ശബ്‍ദയാനമായ സംവാദം നടന്നു. ഈ ചർച്ചക്ക് അവസാനം കുറിച്ചത് യേശുദാസൻ തിരുമേനി നൽകിയ ചരിത്രപരമായ മറുപടിയാണ്.

ദൃഢതയോടും ഉൾകാഴ്ച്ചയോടുമുള്ള യേശുദാസൻ തിരുമേനിയുടെ കാലത്തിന്റെ ചുവരെഴുത്ത് എന്നു പറയാൻ സാധിക്കുന്ന അഗ്നിസ്ഫുടമായ വാക്കുകൾ ശ്രദ്ധിക്കുക:

“Are you permanent? Am I permanent? None of us is permanent.”

ഈ വാക്കുകളാണ് ബിഷപ്പുമാർ 65 ആം വയസ്സിൽ വിരമിക്കണം എന്ന ചരിത്ര തീരുമാനം എടുക്കുന്നതിൽ നിർണായകമായത്. പുതിയ തലമുറക്ക് നമ്മൾ മാറി കൊടുക്കണം എന്നും അവർക്കു മാത്രമേ കാലം ആവശ്യപ്പെടുന്ന വേഗത്തിൽ തീരുമാനങ്ങൾ എടുത്തു മുന്നോട്ടു പോകുവാൻ കഴിയു എന്നാണ് തിരുമേനി ഇതേ പറ്റി പിന്നീട് ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത്.

പ്രൊഫഷണൽ നേതൃത്വത്തിലെ ഉത്കൃഷ്ടത | Excellence in Professional Leadership

തിരുമേനി അദ്ധ്യക്ഷനായ യോഗങ്ങളിൽ പ്രൊഫഷണലിസത്തിന്റെ ചിന്തയും ലക്ഷ്യബോധവും അദ്ദേഹം കൊണ്ടുവന്നിരുന്നു. ഒരിക്കലും സമയം കളയാതെയും, എല്ലായ്പ്പോഴും കൃത്യസമയത്തെത്തിയും, യോഗങ്ങളെ ബിസിനസ് രീതിയിൽ നടപ്പാക്കിക്കൊണ്ട് അതിൽ അച്ചടക്കവും ക്രമവും കൊണ്ടുവരികയും ചെയ്തു. തിരുമേനിയുടെ മരണ ശേഷം, അന്നത്തെ CSI മോഡറേറ്റർ, “യേശുദാസൻ തിരുമേനി ഓരോ യോഗത്തിലും കൊണ്ടുവന്ന ദൈവസാന്നിദ്ധ്യത്തെ” കുറിച്ച് പരാമർശിച്ചിരുന്നു.

തിരുമേനി ഓരോ ദിവസവും പുലർച്ചെയുളള സമയം ദൈവവചനം വായിക്കുന്നതിനും ധ്യാനിക്കുന്നതിനും ചിലവഴിച്ചിരുന്നു. ഈ സമയത്തു പ്രാർത്ഥനയിലൂടെ ദൈവസാനിധ്യം ആഴത്തിൽ അനുഭവിച്ചിരുന്നതാണ് അദ്ദേഹത്തെ ഈ വിധത്തിലുള്ള ദൈവഭക്തിയുള്ള നേതൃത്വത്തിലേക്ക് നയിച്ചത്. തിരുമേനിയുടെ സ്വകാര്യ ദൈവാനുഭവം, പൊതുജീവിതത്തിൽ അദ്ദേഹത്തിനു പ്രൊഫഷണൽ ആയ മുന്നേറ്റം നൽകി.

സമൂഹ നേത്യത്വത്തിലെ ഉത്കൃഷ്ടത | Excellence in Community Leadership

ദൈവം തന്നെ ഇടയപരിപാലനത്തിനു ഏല്പിച്ച ജനങ്ങൾ ഭൂരിഭാഗവും ദരിദ്രരും തളർന്നവരും പാർശ്വവത്കരിക്കപ്പെട്ടവരുമാണെന്നു ബിഷപ്പ് യേശുദാസനു അറിയാമായിരുന്നു . അദ്ദേഹത്തിന്റെ ഹൃദയം എപ്പോഴും അവരുടെ കൂടെയായിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും, അവരുടെ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾക്കപ്പുറമായി , തിരുമേനിയുടെ ഹൃദയം ദരിദ്രർക്കായി നീതി ഉറപ്പാക്കാനാണ് തുടിക്കുന്നതെന്ന് അറിഞ്ഞിരുന്നു.

അദ്ദേഹം ഒരു കുഞ്ഞാടുപോലെ സൌമ്യനും താൻ സേവിക്കുന്ന ജനങ്ങളിൽ ഏറ്റവും എളിയവന്ന് എപ്പോഴും സമീപിക്കാവുന്ന വ്യക്തിയുമായിരുന്നു. എങ്കിലും ദരിദ്രർക്കായി നീതി ഉറപ്പാക്കുന്നതിനു ശബ്ദം ഉയർത്തുന്നതിലും സഭയിലെ എല്ലാ അഴിമതികളേയും വിമർശിക്കുന്നതിലും അദ്ദേഹം ഒരു സിംഹം പോലെ നിലകൊണ്ടു.

എക്യൂമെനിക്കൽ നേതൃത്വത്തിൽ ഉത്കൃഷ്ടത | Excellence in Ecumenical Leadership

യേശു തന്റെ ശിഷ്യന്മാർ സ്നേഹത്തിൽ ഒന്നാകണമെന്ന്, “അവർ എല്ലാവരും ഒന്നാകേണ്ടതിന്നു” പ്രാർത്ഥിച്ചു, (യോഹന്നാൻ 17:21). ഇത് ദക്ഷിണേന്ത്യ സഭയുടെ മുദ്രാവാക്യവുമാണ് (Motto). ബിഷപ്പ് യേശുദാസൻ ഈ പ്രാർത്ഥന യാഥാർത്ഥ്യമാക്കാനും പ്രകടമായതാക്കാനും വിവിധ സഭാവിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടുവരുന്നതിലൂടെ എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. ദൈവജനത്തിനിടയിൽ ഈ ഐക്യം സാധ്യമാക്കുന്നതിന് അദ്ദേഹം എപ്പോഴും ദൈവത്തിന്റെ ആത്മാവിൽ ആശ്രയിച്ചിരുന്നു. “ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ (റോമർ 14:17) ”  എന്ന് അദ്ദേഹം ശക്തമായി സമർത്ഥിച്ചു.

ഈ ഐക്യം വിശ്വാസികളുടെ തലത്തിൽ സാക്ഷാത്കരിക്കുന്നതിന് അദ്ദേഹം നിരവധി പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്നും അദ്ദേഹത്തിന്റെ എക്യൂമെനിക്കൽ ദർശനവും ദീർഘവീക്ഷണവും വളരെ ആദരവോടെ കരുതപ്പെടുന്നു. മറ്റ് സഭാവിഭാഗങ്ങളുടെ തലവന്മാരുമായി അദ്ദേഹം ഉഷ്മളവും ഹൃദ്യവുമായ ബന്ധം പാലിച്ചു. മറ്റ് മതസ്ഥരും സംഘടിപ്പിച്ച യോഗങ്ങളിലേക്കും അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നു.

ആത്മീയ നേതൃത്വത്തിൽ ഉത്കൃഷ്ടത | Excellence in Spiritual Leadership

ബിഷപ്പ് യേശുദാസൻ കരുണയുള്ള ഒരു വ്യക്തിയായിരുന്നു. ഹൃദയം തകർന്നവരോടൊപ്പം കരയുവാൻ മടി കാണിക്കാത്ത ഒരു വ്യക്തി. വേദനയുടെയും കഷ്ടതയുടെയും സമയങ്ങളിൽ ഒരു ദൈവദൂതനെ പോലെ യേശുദാസൻ തിരുമേനി അവരെ ഭവനങ്ങളിൽ സന്ദർശിച്ചതായി അനേകർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ ദൈവത്തോടുള്ള ഒരു ആത്മീയ ബന്ധത്തിന്റെയും പരിചയത്തിന്റെയും സ്വരത്തിലായിരുന്ന. ലളിതവും ശിശുസദൃശവുമായ വാക്കുകളിൽ അദ്ദേഹം ദൈവത്തെ ഭയഭക്തിബഹുമാനത്തോടെ “നീ” എന്നു പറഞു സംബോധന ചെയ്തിരുന്നു .

വ്യക്തതികൾക്കും വ്യക്തിഗത ആവശ്യങ്ങൾക്കും കുടുംബങ്ങൾ, സഭകൾ എന്നിവയുടെ ആവശ്യങ്ങൾക്കും വേണ്ടി ദൈവത്തോട് പക്ഷവാദം ചെയ്യുന്നത് അദ്ദേഹത്തിന്റെ വിശ്വസ്തമായ ശീലമായിരുന്നു. വെള്ളിയാഴ്ചകളിൽ അദ്ദേഹം ഉപവാസം ആചരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനകളുടെയും കണ്ണീരുകളുടെയും ഫലമായി പലരും അനുഗൃഹീതരായി.

അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ ദൈവത്തിന്റെ സ്തുതികളെ പ്രതിധ്വനിപ്പിച്ചു. പ്രതിസന്ധികളിൽ അദ്ദേഹം അക്ഷോഭ്യനായി നിലകൊണ്ട്, “യേശുവിന് സ്തോത്രം” എന്നും “പറഞ്ഞുതീരാത്ത ദാനം (യേശു) നിമിത്തം ദൈവത്തിന് സ്തോത്രം” (2 കൊരിന്ത്യർ 9:15) എന്നും പറയുമായിരുന്നു. “ദൈവം കാൽവരി ക്രൂശിൽ യേശുവിലൂടെ പ്രകാശിപ്പിച്ച സ്നേഹം…” എന്നത് അദ്ദേഹത്തിന്റെ പ്രാർത്ഥനകളിൽ പല അവസരങ്ങളിലും മുഴങ്ങി കേട്ടിരുന്ന വാക്കുകളായിരുന്നു.

അദ്ദേഹം നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചു, അതിലൂടെ തിരുവെഴുത്തുകളിൽ അദ്ദേഹത്തിനുള്ള ആഴമുള്ള ജ്ഞാനം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ സാധിച്ചു. ദൈവത്തിന്റെ ജനം ദൈവത്തിന്റെ ഉദ്ദേശ്യങ്ങളുമായി യോജിച്ചുനിൽക്കുമ്പോൾ, ദൈവത്തിന്റെ ആത്മാവ് വ്യക്തികളെയും കുടുംബങ്ങളെയും മാത്രമല്ല, മുഴുവൻ സമൂഹങ്ങളെയും പരിവർത്തനം ചെയ്യുമെന്ന് അദ്ദേഹം വിശ്വസിച്ചു.

ഒരു അനുഭവകഥ

യേശുദാസൻ തിരുമേനിയെ കുറിച്ചുള്ള എന്റെ കുട്ടികാലത്തെ ദീപ്‌തമായ ഒരു ഓർമ പങ്കിടട്ടെ. ഒരു ദിവസം മുതിർന്നവർ സ്ത്രീകൾ കുട്ടികൾ ഉൾപ്പെടെ ഏതാണ്ട്  20 പേർ ഒരു വാഹനത്തിൽ തിരുമേനിയെ കാണുവാൻ LMS കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന Bishop’s Houseലേക്ക് വന്നു. ഏതോ പാവപ്പെട്ട ഗ്രാമീണ മേഖലയിലുള്ള സഭയിൽ നിന്നുള്ളവരാണെന്നു കാഴ്ച്ചയിൽ എനിക്കു തോന്നി. അവരുടെ ആഗമനോദ്ദേശ്യം തിരുമേനിയോട് സംസാരിച്ചു കഴിഞ്ഞ നേരത്ത്, തിരുമേനി അവരെ ഉള്ളിലെ ഒരു ചെറിയ മുറിയിലേക്കു ക്ഷണിച്ചു.

ഞാനും അവരുടെ കൂടെ ചെന്നു. അപ്പോൾ ഒരു കർട്ടൻ മാറ്റി തിരുമേനി ആ മുറിയുടെ ഉൾവശം കാണിച്ചു അവരോടു പറഞ്ഞതു: “ഇതു എന്റെ പ്രാർത്ഥനാ മുറി” എന്നാണ്. അവിടെ ഞാൻ നോക്കുമ്പോൾ ഒരു മേശ ഒരു കസേര ഒരു ബൈബിൾ ഒരു പായ് എന്നിവ മാത്രമേ ഉണ്ടായിരുന്നുള്ളു.

എന്തു കൊണ്ടന്നെന്ന് എനിക്കറിയില്ല ഈ ഒരു നിമിഷം നാൽപതു വർഷങ്ങൾക്കു ശേഷവും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. തന്റെ ഔദ്യോഗിക ഉന്നതികളെ കുറിച്ചൊന്നും വാചാലനാവാതെ യേശുദാസൻ തിരുമേനി പ്രാർത്ഥനയെ ഉയർത്തിക്കാട്ടിയത് എത്ര മഹത്തരമാണെന്ന് ആ നിമിഷത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ എനിക്കു മനസ്സിലാവുന്നു.

ക്രൂശു-കേന്ദ്രീകൃത ദൈവശാസ്ത്ര നേതൃത്വത്തിൽ ഉത്കൃഷ്ടത | Excellence in Cross-centred Theological Leadership

യേശുവിന്റെ രക്തത്താൽ ദൈവം ഒരു പുതിയതും ജീവനുള്ളതുമായ വഴി നമുക്കായി തുറന്നിരിക്കുന്നു, അതിലൂടെ  നമുക്ക്  ദൈവത്തെ സമീപിക്കാനും (എബ്രായർ 10:19, 20) പാപമോചനം പ്രാപിക്കാനും ദൈവത്തിനും മനുഷ്യർക്കും ഇടയിൽ നിരപ്പ് പ്രാപിക്കാനും കഴിയും എന്ന് യേശുദാസൻ തിരുമേനി ഉറച്ചിരുന്നു. യേശുവിന്റെ ക്രൂശിലൂടെയും അവിടെ പ്രകടമാകുന്ന ദൈവത്തിന്റെ സ്നേഹത്തിലൂടെയും എല്ലാ തിന്മയെയും ജയിക്കാനാകുമെന്നും അദ്ദേഹം വിശ്വസിച്ചു. ദൈവത്തിന്റെ വചനമായ യേശു ജഡം ധരിച്ചു മനുഷ്യനായി നമ്മിലൊരുവനായി; അവനിലൂടെ ദൈവം നമ്മോട് അടുത്തുവന്ന വിധത്തെക്കുറിച്ചും അദ്ദേഹം ഉത്സാഹത്തോടെ സംസാരിച്ചിരുന്നു.

അദ്ദേഹത്തിന്റെ ദൈവശാസ്ത്രം ക്രൂശിനെ കേന്ദ്രീകരിച്ചതും ജനങ്ങളെ മുൻനിറുത്തിയുള്ളതുമായിരുന്നു. ഒരുവശത്ത് ദൈവത്തിൽ മഹത്തായ വിശ്വാസം കാണിക്കാനും മറുവശത്ത് സഹാനുഭൂതിയും സ്നേഹവും നിറഞ്ഞ ഹൃദയത്തോടെ തന്നെ ഭരമേല്പിച്ച ജനത്തോട് അടുക്കാനും ഈ ദർശനം ബിഷപ്പ് യേശുദാസനെ സഹായിച്ചു. “ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം” (2 കൊരിന്ത്യർ 2:14) എന്ന് അദ്ദേഹം വിശ്വസിച്ചു.

നേതൃത്വത്തിന്റെ സ്വരത്തിലെ ഉത്‌കൃഷ്ടത | Excellence in The Voice of Leadership

ദൈവത്തിന്റെ കൃപ യേശുദാസൻ തിരുമേനിയുടെ മുഖത്തെ പ്രകാശിതമാക്കിയിരുന്നു. ഒരു പ്രഭാഷകൻ എന്ന നിലയിൽ, ആ പദത്തിന് സാധാരണയായി അർത്ഥമാക്കുന്ന രീതിയിൽ അദ്ദേഹത്തിന് കരിസ്മ (charisma) ഉണ്ടായിരുന്നില്ല. എന്നിട്ടും, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അവയുടെ ആഴം, ചിന്തയുടെ വ്യക്തത, ദൈവവചനത്തിൽ അടിസ്ഥാനമാക്കിയുള്ളത് എന്നിവയ്ക്ക് ഓർമ്മിക്കപ്പെടുന്നു. 1983-ൽ കാനഡയിലെ വാങ്കൂവറിൽ  നടത്തിയ “ദി ഫീസ്റ്റ് ഓഫ് ലൈഫ്” (The Feast of Life) എന്ന പ്രസിദ്ധമായ പ്രസംഗത്തിന്റെ വിശകലനം കാണുക.

അദ്ദേഹത്തിന് സ്വാർത്ഥ താല്പര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല, സ്വന്തമായി ഒന്നും സമ്പാദിച്ചു കൂട്ടിയതുമില്ല. താൻ നേതൃത്വം നൽകിയ ജനങ്ങളുടെ പൊതുനന്മ മാത്രമായിരുന്നു ലക്ഷ്യം. അതിനാൽ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ബഹുമാനത്തോടെ കേട്ടിരുന്നു.

ടീം ബിൽഡിങ്ങിലെ നേതൃത്വത്തിലെ ഉത്‌കൃഷ്ടത | Excellence in Leadership in Team Building

ഒറ്റയ്ക്ക് പ്രവർത്തിക്കുന്ന രീതിയായിരുന്നില്ല ബിഷപ്പ് യേശുദാസൻ അനുവർത്തിച്ചിരുന്നത്. സഭാനേതൃത്വം നല്ല സംസ്കാരം ജീവിച്ചുകാണിക്കുമ്പോൾ മാത്രമേ അത് പഠിപ്പിക്കാൻ കഴിയൂ എന്ന് അദ്ദേഹം മനസ്സിലാക്കി.

അതുകൊണ്ട്, സത്യസന്ധതയുള്ളവരെയും അവരുടെ സ്വന്തം മേഖലകളിൽ മികവ് പുലർത്തിയവരെയും അദ്ദേഹം തിരഞ്ഞെടുത്ത്, സഭാ ഭരണത്തിലും പ്രവർത്തനങ്ങളിലും പ്രധാന പങ്കുവഹിക്കാൻ അവരെ കൊണ്ടുവന്നു. ഈ ടീം വർക്ക് ആയിരുന്നു അദ്ദേഹത്തിന്റെ ജനനേതൃത്വത്തിലെ വിജയത്തിന് നിർണായകമായത്. എല്ലാവരുടെയും സംഭാവനകളെക്കുറിച്ച് അദ്ദേഹം വളരെ ബോധവാനായിരുന്നു. വ്യക്തിപരമായ ബന്ധങ്ങൾ പാലിക്കുന്നതിനും മറ്റുള്ളവരുടെ നേട്ടങ്ങളിൽ സന്തോഷിക്കുന്നതിനും അദ്ദേഹം വളരെ ശ്രദ്ധാലുവായിരുന്നു. പുഞ്ചിരിയും പ്രശംസാ വാക്കുകളുമായി അദ്ദേഹം എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.

നേതൃത്വത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ അദ്ദേഹം തന്റെ വിടവാങ്ങൽ പ്രസംഗത്തിനായി തിരഞ്ഞെടുത്ത ദൈവവചനം , ടീം വർക്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തത്വചിന്തയെ യഥാർത്ഥത്തിൽ പ്രതിഫലിപ്പിക്കുന്നു: “ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു.” (1 കൊരിന്ത്യർ 3:7 വിശുദ്ധ പൗലോസിന്റെ വാക്കുകൾ).

ആത്മപരിശോധന മാതൃകയാക്കുന്ന നേതൃത്വത്തിലെ ഉത്‌കൃഷ്ടത | Excellence in Leadership in Modelling Self-Introspection

ബിഷപ്പ് യേശുദാസന്റെ പെരുമാറ്റ ശൈലി ഉന്നതമായതും മാന്യവുമായിരുന്നു. താൻ എത്തിച്ചേർന്ന ശ്രേഷ്ഠമായ സ്ഥാനങ്ങളുടെ ഔന്നത്യവും മഹത്ത്വവും യഥാർത്ഥത്തിൽ എല്ലാവരുടെയും മുന്നിൽ അദ്ദേഹം ഉയർത്തിപ്പിടിച്ചു.. സി.എസ്.ഐ. മോഡറേറ്ററുടെ പദവിയെ അദ്ദേഹം സത്യസന്ധതയോടും പരാമർത്ഥഹൃദയത്തോടും ദൈവിക നേതൃത്വവും ഉള്ള ഒരു ബഹുമാനപ്പെട്ട സ്ഥാനമാക്കി മാറ്റിയതിൽ ഇത് വ്യക്തമായി കാണാമായിരുന്നു. ദൈവം ഉയർത്തുന്നതനുസരിച്ചു ദൈവത്തിന്റെ മുമ്പിൽ അദ്ദേഹം താഴ്മയോടെ നിന്നു.

അദ്ദേഹത്തിന്റെ ഒരു മറക്കാനാവാത്ത ശീലം എന്നത്, എല്ലാ വർഷവും ഓഗസ്റ്റ് 5-ന്, അദ്ദേഹം ബിഷപ്പായി അഭിഷിക്തനായ ദിവസം, എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിശ്രമിച്ച് പ്രാർത്ഥനയിലും ആത്മപരിശോധനയിലും ദിവസം മുഴുവൻ ചെലവഴിക്കുക എന്നതായിരുന്നു. ആ ദിവസം തന്റെ ജീവിതത്തിൽ ദൈവത്തിന്റെ വിളിക്ക് വിശ്വസ്തനായി നിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ആലോചിക്കുകയും ചെയ്തു.

ഈ ആത്മപരിശോധനക്കു അദ്ദേഹം യേശുവിന്റെ ക്രൂശാണ് മാനദണ്ഡമാക്കിയത്. “സമൂഹത്തിൽ ഏറ്റവും നല്ലവരെന്ന് ആദരിക്കപ്പെടുന്നവരും തങ്ങൾ എന്തുമാത്രം പാപികളാന്നെന്ന് മനസ്സിലാക്കണമെങ്കിൽ യേശുക്രിസ്തുവിന്റെ ക്രൂശിനു മുന്നിൽ നിന്ന് സ്വയം പരിശോധിക്കണം.” [യേശുക്രിസ്തുവിന്റെ ക്രൂശുമരണവും തിരുസഭയും ഒരു വിഹഗ വീക്ഷണം” എന്ന തലകെട്ടിൽ യേശുദാസൻ തിരുമേനി എഴുതിയ പ്രബന്ധത്തിൽ നിന്നു എടുത്തത്. ക്രൈസ്‌തവ ദീപിക ജൂലൈ 2010].

അദ്ദേഹത്തിന്റെ നേതൃത്വത്തിലെ ശ്രേഷ്ഠത എന്നത്, മറ്റുള്ളവരോട് പ്രസംഗിക്കുന്നതിന് മുമ്പ്, യേശുവിന്റെ ക്രൂശിനു മുന്നിൽ നിന്ന് ആത്മപരിശോധന നടത്താൻ അദ്ദേഹം തയ്യാറായി എന്നതാണ്.

യേശുവേ നിന്റെ രൂപമീയെന്റെ
കണ്ണുകൾക്കെത്ര സൗന്ദര്യം
ശിഷ്യനാകുന്ന എന്നെയും നിന്നെ-
പ്പോലെയാക്കണം മുഴുവൻ

എന്ന പാട്ടുപുസ്തകത്തിലെ തനിക്കു ഇഷ്ടപ്പെട്ട 282-ആം ഗാനം തന്റെ 85-ആം ജന്മദിനത്തിൽ ഗായകസംഘം പാടണം എന്ന് അദ്ദേഹം നിർബന്ധമായി ആവശ്യപ്പെട്ടതു ഈ ആത്മപരിശോധനയുടെ തുടർച്ചയാണെന്നു നമുക്ക് മനസ്സിലാക്കാം.

അദ്ദേഹത്തിന്റെ നേതൃത്വ പൈതൃകത്തിലെ ഉത്‌കൃഷ്ടത | Excellence in His Leadership Legacy

യേശുദാസൻ തിരുമേനിയെ ഇന്നും ജനങ്ങൾ വലിയ ആദരവോടെ ഓർക്കുന്നു. താൻ നേതൃത്വത്തിൽ ഇരുന്ന കാലത്തിലെ മഹാന്മാരോടൊപ്പം അദ്ദേഹം ധീഷണാശാലിയായി നടന്നിരുന്നു. എങ്കിലും ജീവിതത്തിന്റെ ഒടുവിലത്തെ വർഷങ്ങളിൽ ഒരു ചെറിയ വീട്ടിൽ (Bishop’s Cottage ) വസിച്ച് താഴ്മ പുലർത്തിയ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇന്നും നമുക്ക് ഒരു മാതൃകയായി കാണാനും പിന്തുടരാനും കഴിയുന്ന ഒരു വ്യക്തിയായാണ് അദ്ദേഹം ഓർമ്മിക്കപ്പെടുന്നത്.

അദ്ദേഹം ജീവിതത്തിന്റെ അവസാനം വരെ ദൈവത്തിന്റെ വിളിക്ക് വിശ്വസ്തനായിരുന്നു, ഓഫീസിൽ നിന്ന് വിരമിച്ച ശേഷവും കർമനിരതനായി ജനസേവനം തുടർന്നു.

അദ്ദേഹം തന്റെ ജീവിതം മുഴുവൻ യേശുവിന്റെ മുഖത്തേക്ക് നോക്കി, ആ നോട്ടം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റി മറിച്ചു—അന്ധകാരത്തിലും ദാരിദ്ര്യത്തിലും മറഞ്ഞിരുന്ന ഒരു കൽക്കരികട്ടിയിൽ നിന്നും ശാശ്വതമായ തിളക്കവും പ്രകാശവും ഉള്ള ഒരു വജ്രമായി അദ്ദേഹത്തെ മാറ്റിയത് യേശുവിലേക്കുള്ള നിരന്തരമായ നോട്ടമായിരുന്നു. അനേകരുടെ വാക്കുകളിൽ, “യേശുദാസൻ തിരുമേനി ഒരു വിശുദ്ധനായിരുന്നു, കൂടാതെ തന്റെ  ഭൗമിക ജീവിതത്തിൽ യഥാർത്ഥത്തിൽ അദ്ദേഹം യേശുവിനെ പ്രതിഫലിപ്പിച്ചു.”

Bishop’s Cottage where Bishop Jesudasan lived after his retirement.

അനുബന്ധം

P. Christudas

1800 കളിൽ എപ്പോഴോ മിഷനറിമാരുടെ പ്രവർത്തന ഫലമായി യേശുവിനെ അറിഞ്ഞ നല്ല കായികാഭ്യാസിയായിരുന്ന സുബ്രമണ്യം. അദ്ദേഹത്തിന്റെ മൂത്ത മകൻ ജോഷ്വ. ദൈവത്തിൽ തീക്ഷണമായ വിശ്വാസം ഉണ്ടായിരുന്ന, നല്ല പ്രാർത്ഥന ശീലമുണ്ടായിരുന്ന ജോഷ്വ എന്ന കരുത്തനായ മനുഷ്യന്റെ 9 ആൺ മക്കളിൽ മൂത്ത മകനായ Rev. J. Isaiah യുടെ മകനായിരുന്നു യേശുദാസൻ തിരുമേനി. എന്റെ പിതാവ് പി. ക്രിസ്തുദാസ് രണ്ടാമത്തെ മകനായ പത്രോസിന്റെ മകനാണ്. യേശുദാസൻ തിരുമേനിയും കൊച്ചു ദാസ് എന്ന് കരിയിൽത്തോട്ടം കുടുംബാഗങ്ങളുടെ ഇടയിലും അമരവിള സഭയിലും അറിയപ്പെട്ടിരുന്ന എന്റെ പിതാവും തമ്മിൽ ഗാഢമായ സഹോദര ബന്ധം നിലനിന്നിരുന്നു. പലയിടത്തായി ജീവിതമാർഗങ്ങൾ തേടി പോയ കുടുംബാംഗങ്ങൾ തമ്മിൽ സ്നേഹ ബന്ധം നിലനിറുത്തുന്ന കണ്ണിയായിരുന്നു എന്റെ ഡാഡി.

1962 ൽ അമരവിള സഭയിൽ മഹായിടവകക്കു ആകെ മാതൃകയായി ആദ്യമായി Poor Fund (സാധു സംരക്ഷണ നിധി) നടപ്പാകുന്നതിൽ ഒരു സുപ്രധന പങ്ക് വഹിക്കാൻ എന്റെ പിതാവിനു ദൈവം കൃപ ചെയ്തു. മഹായിടവകയുടെ നന്മയും വികസനവും മുൻനിറുത്തി പലരേയും നേതൃത്വത്തിലേക്കു കൊണ്ടു വരുവാൻ നിർണായകമായ റോൾ വഹിക്കുകയും അതിനായുള്ള ചർച്ചകളുടെ നാഡീകേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്ത എന്റെ പിതാവിനെ Kingmaker എന്നാണ് മഹായിടവകയുടെ ആദ്യ സെക്രെട്ടറിയും പ്രഗത്ഭ പട്ടക്കാരിൽ ഒരാളായിരുന്ന Very Rev. Philip David അച്ചൻ വിളിച്ചിരുന്നത്.

ഞങ്ങളുടെ പൂർവപിതാക്കന്മാർ കായികാഭ്യാസികളും മർമ്മചികിത്സാവിദഗ്ധരും സിദ്ധവൈദ്യത്തിൽ നൈപുണ്യം ഉള്ളവരുമായിരുന്നു. ഒരു കാലത്തു അവരുടെ വിശ്വാസത്തോടൊപ്പമുള്ള ചികിത്സാശുശ്രൂഷയുടെ ഓർമ നിലനിറുത്തി കൊണ്ടാണ് യേശുദാസൻ തിരുമേനി തനിക്കു പരമ്പരാഗതമായി ലഭിച്ച കുടുംബവീട് യേശു ശിഷ്യനും വൈദ്യനുമായിരുന്ന ലൂക്കോസിന്റെ നാമധേയത്തിൽ ഒരു ദൈവാലയമായി മാറ്റണം എന്ന് തീരുമാനിച്ചത്‌.

Malayalam PDF ബിഷപ്പ് യേശുദാസൻ: ശുശ്രൂഷാനേതൃത്വത്തിലെ ഉത്കൃഷ്ടത

Bishop Jesudasan–Positions Held, Books Authored. പ്രവാചകദൗത്യം was published in 2013 while he was on his deathbed.

For further reading:
Bishop Jesudasan–A Short Speech of Tribute
യേശുദാസൻ തിരുമേനി: ദൈവവിളിയോടു വിശ്വസ്‌തത പുലർത്തിയ എളിയ ദാസൻ
The Art and Craft of Sermons and Preaching
Are Sermons About God or Are They to Make You Feel Good?

Hope Unending

Would You Be Free from the Burden of Sin

Praying Woman